ഡല്‍ഹി: ലൈഫ് ഭവനപദ്ധതിക്ക് യുഎഇ സഹകരണത്തിന് അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പദ്ധതിക്ക് യു എ ഇ സഹകരണം തേടിയിട്ടില്ലെന്ന കാര്യം വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപാണ് അറിയിച്ചത്.
യു എ ഇ ഉദ്യോഗസ്ഥരെ വിട്ടുതരാന്‍ ഇന്ത്യക്ക് അവകാശപ്പെടാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ സ്ഥിരംസമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. എന്‍.കെ പ്രേമചന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് വിഷയം സമിതിയില്‍ ഉന്നയിച്ചത്.
അതേസമയം വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന് ഫ്ലാറ്റിന് മുനിസിപ്പാലിറ്റിയുടെ നിര്മാണാനുമതിയില്ലെന്ന് വ്യക്തമായി. ആദ്യ പ്ളാന്‍ തയ്യാറാക്കിയ ഹാബിറ്റാറ്റിന് ലഭിച്ച നിര്‍മാണ അനുമതി ഉപയോഗിച്ചാണ് പുതിയ കരാറുകാരായ യൂണിടാക് നിര്‍മാണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണം പൂര്‍ത്തിയായശേഷം അനുമതി തേടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ നേരത്തേയുളള പ്ളാനില്‍ നിന്ന് വ്യത്യസ്തമായി പുതിയ പ്ളാനില്‍ ആശുപത്രി കൂടി ഉള്‍പ്പെട്ടതിനാല്‍ അനുമതി നിര്‍ബന്ധമായും വേണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post