മുംബൈ: മയക്കുമരുന്ന് കേസില്‍ അന്തരിച്ച നടന് സുശാന്ത് സിങ് രജ്പുത്തിന്റെ പാചകക്കാരന് ദീപേഷ് സാവന്തിനെ നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ മുതല്‍ സാവന്തിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.
സാക്ഷിയുടെ റോളാണ് സാവന്തിന് കേസിലുള്ളതെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. സുശാന്തിന്റെ കാമുകിയായ റിയ ചക്രവര്‍ത്തിയുടെ സഹോദരന് സൗവിക് ചക്രബര്‍ത്തിയും മാനേജര്‍ സാമുവല്‍ മിറാന്‍ഡയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റിയയുടെ നിര്‍ദേശപ്രകാരം സുശാന്തിനായി സാമുവല്‍ വഴി മയക്കുമരുന്ന് എത്തിച്ചിരുന്നതായി സൗവിക്ക് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. സൗവിക്കിന്റെ നിര്‍ദേശപ്രകാരം മയക്കുമരുന്ന് എത്തിച്ചതായി മിറാന്‍ഡയും സമ്മതിച്ചിരുന്നു.
34 കാരനായ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുരുളഴിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സി.ബി.ഐ, എന്‍.സി.ബി എന്നീ മൂന്ന് ഏജന്‍സികളാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ജൂണ്‍ 14നാണ് നടനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
Discussion about this post