കൊച്ചി :ഹൈക്കോടതി ജഡ്ജിയെ ശുംഭനെന്ന് വിളിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച സിപിഎം സംസ്ഥാനസമിതി അംഗം എം.വി ജയരാജന് ഹൈക്കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
കീഴടങ്ങുന്നതിനായി ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജയരാജന് കൊച്ചിയിലെത്തിയത്.അഭിഭാഷകനൊപ്പമാണ് ഹൈക്കോടതി രജിസ്ട്രാറുടെ മുന്പില് ജയരാജന് ഹാജരായത് . പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും പോരാടുമെന്ന് ജയരാജന് പറഞ്ഞു.പാതയോരത്ത് പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ പ്രസംഗത്തില്‍ ഒരു കുറ്റബോധവും തോന്നിയിട്ടില്ലെന്നും , തന്നേക്കാള്‍ വലിയകോടതിയലക്ഷ്യക്കാര് പുറത്താണെന്നും ജയരാജന് പറഞ്ഞു.
നാലാഴ്ചയാണ് ശിക്ഷ വിധിച്ചിരിക്കുന്നതെങ്കിലും റിമാന്‍ഡ് കാലയളവില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കുറച്ചുള്ള 19 ദിവസം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ജയരാജന് വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ ആഞ്ഞടിച്ചത്. ജഡ്ജിമാരെ ‘ശുംഭന്മാര്’ എന്നും ആക്ഷേപിച്ചിരുന്നു. റോഡിലും റോഡരികിലും വഴിതടയുന്ന യോഗവും പ്രകടനവും നിരോധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ജഡ്ജിമാരെയും കോടതിയെയും അവഹേളിക്കും വിധം പൊതുപ്രസംഗം നടത്തിയതിന്റെ പേരില്‍ ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.
കോടതിയലക്ഷ്യ നടപടി ആരംഭിച്ച ശേഷവും ജയരാജന് തുടര്‍ച്ചയായി പത്രമാധ്യമങ്ങളിലൂടെ വിവാദ പരാമര്ശങ്ങളിലുറച്ചുനിന്ന് സംസാരിച്ചതിനെയും കോടതി വിമര്‍ശിച്ചിരുന്നു.ശുംഭന് പരാമര്‍ശത്തില്‍ ജയരാജന് കുറ്റബോധമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതിയാണ് ജയരാജന് നാലാഴ്ച്ചത്തെ തടവ് ശിക്ഷ വിധിച്ചത്.
Discussion about this post