മനാലി: നടി കങ്കണ റണാവത്തും കുടുംബവും ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹം ശക്തം. മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന യുദ്ധത്തിനൊടുവിലാണ് കുടുംബം ഇത്തരത്തിൽ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. മുൻ സംസ്കൃത അധ്യാപികയായ കങ്കണയുടെ അമ്മ ആശയുടെ ഒരു വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹം ശക്തമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കുടുംത്തിന്റെ നന്ദി അറിയിക്കുന്നതായാണ് വീഡിയോ. പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ് കങ്കണയുടേത്. കങ്കണയുടെ പരേതനായ മുത്തച്ഛൻ സർജു റാം മണ്ഡി ജില്ലയിലെ മുൻ ഗോപാൽപൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു.
കങ്കണയ്ക്ക് സുരക്ഷ ഒരുക്കിയ പ്രധാനമന്ത്രി മോദിക്കും ആഭ്യന്തരമന്ത്രി ഷായും നന്ദി പറയുന്നു. ഞങ്ങളെ പിന്തുണച്ച ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂറിനും നന്ദി അറിയിക്കുന്നു. എന്റെ മകൾക്ക് കേന്ദ്ര സർക്കാർ സുരക്ഷ നൽകിയിരുന്നില്ലെങ്കിൽ, മുംബൈയിൽ അവർക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയിയുന്നില്ല. ”മനാലിയിൽ നിന്ന് 155 കിലോമീറ്റർ അകലെയുള്ള ഭാംബ്ല ഗ്രാമത്തിലെ തന്റെ കുടുംബവീട്ടിലേക്കുള്ള ബിജെപി മാർച്ചിന് ശേഷം ആശ മാദ്ധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
ശിവസേനയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മകൾക്ക് “മുഴുവൻ രാജ്യത്തുനിന്നും” ലഭിച്ച പിന്തുണയിൽ കുടുംബം അമ്പരന്നിരിക്കുകയാണെന്നും ആശ പറഞ്ഞു.
“അവൾ എല്ലായ്പ്പോഴും സത്യത്തിനൊപ്പം നിൽക്കുകയും സത്യത്തിനായി പോരാടുകയും ചെയ്യും. വളരെയധികം പിന്തുണ നൽകി കേന്ദ്രസർക്കാർ ഞങ്ങളുടെ ഹൃദയം കവർന്നു.” ട്വിറ്റിനെ തുടർന്ന് കങ്കണയുടെ അമ്മയ്ക്ക് ഫോളോവേഴ്സും കൂടിയിട്ടുണ്ട്.
അവസാന കണക്കനുസരിച്ച്, കങ്കണയുടെ അമ്മ ആശയ്ക്ക് വെറും 18,000 ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ഇതിൽ പതിനായിരത്തോളം പേർ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ചേർന്നവരാണ്. കങ്കണ റണാവത്തും കുടുംബവും ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ സോഷ്യൽമീഡിയയിലും കുടുംബത്തിന്റെ പ്രതികരണങ്ങൾ വൈറലാവുകയാണ്.
Discussion about this post