കാസര്‍ഗോഡ് : സര്‍ക്കാരിന്റെ ഭവനപദ്ധതികളില്‍ ഇടംപിടിച്ച് ഒരു വീടു വയ്ക്കണമെങ്കില്‍ എത്ര തവണ ഓഫീസുകള്‍ കയറിയിറങ്ങണം.എന്നാല്‍ പാവപ്പെട്ടവര്‍ക്കു വീടു നിര്മിച്ചുകൊടുക്കുന്നതിലും സാമൂഹികസേവനരംഗത്തും സീതാംഗോളി കിളിങ്കാറിലെ സായിറാം ഭട്ട് എന്ന ഗോപാലകൃഷ്ണഭട്ടിനു മുന്നില്‍ ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ല. 231 വീടുകളാണു തലചായ്ക്കാന്‍ കൂരയില്ലാത്തവനായി ഭട്ട് നിര്‍മിച്ചു നല്‍കിയത്. നല്കിയ തയ്യല്‍ മെഷീനുകള്‍ 200. രണ്ടു സമൂഹ വിവാഹങ്ങള്‍, സത്യസായി ഭാഭയുടെ അനന്തപൂര്‍ ജില്ലയെ വെല്ലുന്ന കുടി വെള്ള പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍.അങ്ങനെയങ്ങനെ സായിറാം ഭട്ടിന്റെ ജീവകാരുണ്യപ്രവര്‍ത്തികളുടെ പട്ടിക നീളുകയാണ്.
1930 ല്‍ കളിങ്കാര് ദേവമൂര്‍ത്തി കൃഷ്ണഭട്ടിന്റെയും, സുബ്ബമ്മയുടേയും മകനായി ജനിച്ച ഗോപാലകൃഷ്ണഭട്ട് 11 മുതല്‍ 16 വയസ്സു വരെ വീടീല്ലാത്തവന്റെ ദു:ഖവും, കഷ്ടപ്പാടും നേരിട്ട് അനുഭവിച്ചതാണ്. അഞ്ചു സെന്റ് സ്വന്തമായി സ്ഥലമുള്ളവര്‍ക്കു വീട് നിര്‍മ്മിച്ച് താക്കോല്‍ കൈമാറുകയാണു സായിറാം ഭട്ട് ചെയ്യുന്നത്. വീടിന് അപേക്ഷിക്കുന്ന കുടുംബത്തില്‍ ജോലി ചെയ്യാന്‍ പ്രാപ്തിയുള്ള പുരുഷന്മാര് ഉണ്ടായാല്‍ അപേക്ഷ നിരസിക്കും എന്ന ഒറ്റ നിലപാടേ ഭട്ടിനുള്ളു. തളര്‍ന്നു കിടക്കുന്നവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഒരു സ്വപ്നം പോലെയാണ് ഭട്ടിന്റെ വീടുദാനം. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഒട്ടോറിക്ഷ നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടെങ്കിലും പിന്നീട് ഉപേക്ഷിച്ചു. 12 ഓട്ടോ നല്‍കിയതില്‍ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ഭൂരിഭാഗവും വിറ്റു കള്ളു കുടിച്ചെന്നാണ് സായിറാം ഭട്ട് പറയുന്നത്.
Discussion about this post