തിരുവനന്തപുരം: സ്വര്‍ണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ സംഘം ചോദ്യം ചെയ്തതില്‍ താന്‍ സന്തോഷവാനാണെന്ന് മന്ത്രി കെ.ടി.ജലീല്‍. പുകമറ സൃഷ്ടിച്ച പലകാര്യങ്ങളിലും വ്യക്തത വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. തന്റെ മറുപടികളില്‍ എന്‍.ഐ.എ സംഘം തൃപ്തരാണെന്നാണ് കരുതുന്നത്. വലിയ ഒരു ഭാരം മനസ്സില്‍നിന്ന് ഇറക്കിവച്ചുവെന്നും ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് ഫോണിലൂടെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എട്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് വൈകിട്ട് അഞ്ചുമണിയോടെ ജലീല്‍ മടങ്ങിയത്. രാവിലെ അഞ്ചരയോടെയാണ് ജലീൽ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയത്. സ്വകാര്യ വാഹനത്തിലാണ് ജലീൽ മടങ്ങിയത്.
ചാനലുകളുടെ കണ്ണ് വെട്ടിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജലീൽ ഇന്നും ശ്രമം നടത്തിയത്. ഇതിനായി രാത്രി ഹാജരാകട്ടെ എന്നും ഓൺലൈനിലൂടെ ചോദ്യം ചെയ്യണമെന്നും ജലീൽ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
എന്നാൽ ജലീൽ കൊച്ചിയിൽ എത്തിയ സമയത്ത് മാധ്യമ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ മന്ത്രി എൻഐഎ ഓഫിസിൽ കയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
Discussion about this post