പശ്ചിമ ബംഗാള്‍ നിയമവിരുദ്ധമായ ബോംബ് നിര്‍മാണത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ക്രമസമാധാനത്തിലെ അപകടകരമായ തകര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിയില്ലെന്നും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെയും കേരളത്തിലെ എറണാകുളത്തെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് അല്‍-ഖ്വയ്ദയുടെ പാകിസ്ഥാന് സ്പോണ്സര് ചെയ്ത മൊഡ്യൂളുമായി ബന്ധപ്പെട്ട ഒമ്പത് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശനിയാഴ്ച അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ പരാമര്‍ശം.
‘ജനാധിപത്യത്തെ തകര്‍ക്കാന്‍ സാധ്യതയുള്ള അനധികൃത ബോംബ് നിര്‍മ്മാണത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിരിക്കുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പൊലീസ് രാഷ്ട്രീയ ദൗത്യങ്ങള്‍ ചെയ്യുന്നതിലും പ്രതിപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന്റെ തിരക്കിലുമാണ്. ക്രമസമാധാനത്തിലെ ഈ ഭയാനകമായ ഇടിവിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊലീസിന് കഴിയില്ല,’ ധന്‍ഖര്‍ ട്വീറ്റ് ചെയ്തു.
സ്റ്റേറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹത്തിന്റെ ഒന്നുമറിഞ്ഞില്ലെന്ന നിലപാട് വളരെ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
‘പൊതുവില്‍ പൊലീസുകാരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു-അവര്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഉന്നതസ്ഥാനങ്ങളില്‍ ഉള്ള കരുതലില്ലാത്ത രാഷ്ട്രീയമായി നയിക്കപ്പെടുന്നവരാണ് പ്രശ്നം,’ ധന്‍ഖര്‍ മറ്റൊരു ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.
Discussion about this post