ഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ സമഗ്രമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ആത്മവിശ്വാസ പ്രതിസന്ധി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന നവീനമായ ഒരു ബഹുരാഷ്ട്രവാദം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മാനുഷിക ക്ഷേമവും, പുതിയ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തിയുമുള്ള പരിഷ്കരണമാണ് ഇനി ഐക്യരാഷ്ട്ര സഭയില്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
”പരിഷ്കരിക്കാത്ത ഘടന ഉപയോഗിച്ച് നമുക്ക് ഇന്നത്തെ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. സമഗ്രമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഐക്യരാഷ്ട്ര സഭ ആത്മവിശ്വാസക്കുറവ് നേരിടും.” ഐക്യരാഷ്ട്ര സഭ നമ്മുടെ ലോകത്തെ കൂടുതല്‍ മികച്ചതാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് ബഹുരാഷ്ട്രവാദം അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷത്തേക്ക് ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ നോണ്‍പെര്‍മനന്റ് മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post