ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യ-ചൈന ധാരണ. 14 മണിക്കൂര്‍ നീണ്ട കമാന്‍ഡര്‍തല ചര്‍ച്ചക്കൊടുവിലാണ് ധാരണയായത്. തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായി മാറ്റംവരുത്തുന്ന നടപടിയില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമായി.
സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഒഴിവാക്കും. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഇതിെന്റ ഭാഗമായി ഏഴാംവട്ട സൈനികതല ചര്‍ച്ചകള്‍ ഉടന്‍ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. ആറാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചക്കുശേഷം ചൊവ്വാഴ്ച വൈകിയാണ് തീരുമാനങ്ങള്‍ സംബന്ധിച്ച് ഇരു സേനകളും സംയുക്ത പ്രസ്താവനയിറക്കിയത്.
നേരത്തെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലെ പൊതുതീരുമാനങ്ങള്‍ തെറ്റിദ്ധാരണകള്‍ മാറ്റിവെച്ച് നടപ്പാക്കുമെന്നും ഇരു വിഭാഗവും ഉറപ്പുനല്‍കി. യഥാര്‍ഥ നിയന്ത്രണരേഖയില്‍ നാലു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷം ഉചിതമായ രീതിയില്‍ പരിഹരിക്കുന്നതിന് സാധ്യമായ നടപടികള്‍ സ്വീകരിക്കാനും ധാരണയില്‍ എത്തിയതായി ഇന്ത്യയുടെ സേന വൃത്തങ്ങള്‍ അറിയിച്ചു.
കിഴക്കന്‍ ലഡാക്കില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഈ മാസം 10ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുകയും അഞ്ചിന കരാറുകള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇതിെന്റ തുടര്‍ച്ചയായാണ് തിങ്കളാഴ്ച ഇരു കൂട്ടരും കമാന്‍ഡര്‍തല ചര്‍ച്ചക്ക് തുടക്കമിട്ടത്.
Discussion about this post