കാസര്‍ഗോഡ്: ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദീനെതിരെ ഏഴ് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് ജൂവലറി ചെയര്‍മാനായ എം.സി കമറുദീന് എം.എല്‍.എയുടേയും എം.ഡി പൂക്കോയ തങ്ങളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തത്.
വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനിലെ കേസ്. ഇതോടെ എം.എല്‍.എ പ്രതിയായ വഞ്ചന കേസുകളുടെ എണ്ണം 63 ആയി.
അതേസമയം എം.സി കമറുദീന് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ പേരില്‍ 85 ആളുകളില്‍ നിന്നായി അഞ്ച് ലക്ഷം രൂപ നിക്ഷേപമായി വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന ആരോപണവുമായി എസ്.എഫ്.ഐ രംഗത്തെത്തി. 2013-ല്‍ തുടങ്ങിയ കോളേജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവര്‍ത്തനമെന്നും എസ്.എഫ്.ഐ ആരോപിക്കുന്നു.
Discussion about this post