ആലപ്പുഴ: മുന്‍ കേരളാ രഞ്ജി താരം സുരേഷ് കുമാറിനെ ആലപ്പുഴ പഴവീട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മികച്ച ഓഫ് സ്പിന്നര്‍ എന്ന് പേരെടുത്ത സുരേഷ് കുമാര്‍ കേരളത്തിനായി ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ്.
ഉംബ്രി എന്ന പേരിലാണ് സുരേഷ് കുമാര്‍ അറിയപ്പെട്ടിരുന്നത്. റെയില്‍വേയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റണ്‍സും 196 വിക്കറ്റുകളും നേടിയ സുരേഷ് 1994-95 രഞ്ജി സീസണില്‍ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള രഞ്ജി ട്രോഫി ടീമിലെ പ്രധന താരമായിരുന്നു.
ലെഗ് സ്പിന്നര്‍ ആയിരുന്ന സുരേഷ് കുമാര്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.
1990-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ അംഗമായിരുന്നു. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിംഗും ഡിയോണ്‍ നാഷും ഉള്‍പ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്.
ഏഴ് അര്‍ദ്ധ സെഞ്ച്വറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ സുരേഷ് കുമാര്‍ 51 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 433 റണ്‍സും 52 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post