കോട്ടയം: വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ 18 കാരി പ്രസവിച്ച സംഭവത്തിൽ ഇരുപതുകാരനായ സുഹൃത്ത് ചെറുതോണി സ്വദേശി അബ്ദുള്‍ സമദ് അറസ്റ്റിൽ. പൊലീസ് പോക്സോ കേസെടുത്താണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാവിലെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞും അമ്മയും സുഖമായിട്ടിരിക്കുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ചെറുതോണി നൈനുകുന്നേല്‍ അബ്ദുള്‍ സമദ് ആണ് അറസ്റ്റിലായത്.
പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാതിരുന്നതിനാല്‍ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയും സമദും ഉറ്റ സുഹൃത്തുക്കളായിരുന്നു. പിതാവും മാതാവും ജോലിക്ക് പോയിരുന്ന സമയത്ത് സമദ് വീട്ടില്‍ വന്നുപോയിരുന്നു. ഇക്കാര്യം മാതാവിന് അറിയാമായിരുന്നുവെങ്കിലും സംശയമൊന്നും തോന്നിയിരുന്നില്ല.
വയറുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ പെണ്‍കുട്ടിയെ അമ്മയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തി അര മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്കി. മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന് അമ്മ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് ഇടുക്കി പൊലീസ് കേസ് എടുത്തത്.
Discussion about this post