ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് എന്‍ഐഎ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ചോദ്യം ചെയ്തു. ആഗസ്ത് 11 ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്, റിസ്വാന് അര്‍ഷാദ് എന്നിവരെയാണ് ചോദ്യം ചെയ്തത്. കലാപം നടക്കുമ്പോള്‍ ഇരുവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നതിനാലാണ് എന്‍ഐഎ വിളിപ്പിച്ചത്.
‘അതെ, എന്നെയും റിസ്വാന് അര്‍ഷാദിനെയും ഇന്നലെ വിളിച്ചുവരുത്തി അക്രമവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ഓഗസ്റ്റ് 11 രാത്രി 9.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നതിനാല്‍ ആരാണ് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയാമോ,’ സമീര്‍ അഹമ്മദ് ഖാന് പി.ടി.ഐയോട് പറഞ്ഞു. ഏജന്‍സിക്ക് മുന്നില്‍ ഹാജരാകുന്നതിനെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചാമരാജ്പേട്ട് എംഎല്‍എ പറഞ്ഞു.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സയ്യിദ് സദ്ദിഖ് അലിയെ (44) അറസ്റ്റ് ചെയ്തു. എന്‍ഐഎയെ കൂടാതെ ബെംഗളൂരു സിറ്റി പൊലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ചും കേസ് ഏകോപിപ്പിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ കോണ്‍ഗ്രസ് മേയര്‍ ആര്. സമ്പത്ത് രാജ്, സിറ്റിംഗ് കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ അബ്ദുള്‍ റക്കീബ് സക്കീര്‍ എന്നിവരെ പ്രതികളാക്കി സിസിബി തിങ്കളാഴ്ച സിറ്റി കോടതിയില്‍ 850 പേജുള്ള പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Discussion about this post