ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ ഭക്തരെത്തി. പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് പ്രവേശനം. 48 മണിക്കൂര്‍ മുമ്പ് പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ നിലവില്‍ കയറ്റിവിടൂ. ആരോഗ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം വേണം. ഭക്തരുടെ ആരോഗ്യസംരക്ഷണം കരുതിയാണിതെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശബരിമലയില്‍ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതി. നട അടയ്ക്കുന്ന 21 വരെ ആകെ 1250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പനെ തൊഴാം. മല കയറാന്‍ മാസ്ക് നിര്‍ബന്ധമല്ല. എന്നാല്‍ ദര്‍ശനത്തിന് പോകുമ്പോഴും, താഴെ പമ്പയിലും മറ്റ് പ്രദേശങ്ങളിലും മാസ്ക് നിര്‍ബന്ധമായും വയ്ക്കണം. കൂട്ടം കൂടി ഭക്തര്‍ മല കയറരുത്.
കൊവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക നിലയ്ക്കലില്‍ വച്ചാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തും. ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയുള്ള വാഹനവും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post