ഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സിന് സ്പുട്നിക് അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ് കണ്ട്രോളര് ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പിനാണ് രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്. നേരത്തെ വാക്സിന് പരീക്ഷണത്തിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്സിന് പരീക്ഷണം നടത്തുകയെന്ന് ഡോ.റെഡ്ഡി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളില്‍ വാക്സിന് പരീക്ഷണം നടത്തുമ്പോഴുണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് ഡി.സി.ജി.ഐ ആശങ്കയറിയിച്ചിരുന്നു.
സ്പുട്നിക് അഞ്ച് വാക്സിന് കുറഞ്ഞ ആളുകളിലാണ് റഷ്യയില്‍ പരീക്ഷണം നടത്തിയത്. തുടര്‍ന്ന് വാക്സിന് റഷ്യന്‍ സര്‍ക്കാര്‍ പെട്ടെന്ന് തന്നെ അംഗീകാരം നല്‍കുകയായിരുന്നു. 40,000 പേരില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാക്സിന് പരീക്ഷണം നടത്താന്‍ റെഡ്ഡി ഗ്രൂപ്പുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാറൊപ്പിട്ടത്. ഇന്ത്യയില്‍ സ്പുട്നിക് അഞ്ചിന്റെ 100 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് റഷ്യയുടെ പദ്ധതി.
Discussion about this post