തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്നലെ നടത്തിയ ബി ടെക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളില്‍ രഹസ്യമായി മൊബൈല്‍ വഴിയാണ് കോപ്പിയടി നടന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാര്‍ത്ഥികള്‍ ഉത്തരം കൈമാറുകയായിരുന്നു. ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിരുന്നു കൂട്ട കോപ്പിയടി.
അതിവിദഗ്ദ്ധമായി കോപ്പിയടി നടന്നതിനാലാണ് 24 മണിക്കൂറിനുളളില്‍ തന്നെ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കിയത്. ബി ടെക്ക് മൂന്നാം സെമസ്റ്റര്‍ മാത്താമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. ചില കോളേജുകളില്‍ നിന്ന് സംശയം തോന്നി മൊബാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് സംഭവം വെളിച്ചത്താകുന്നത്.
ചോദ്യം പേപ്പര്‍ ഫോട്ടോയെടുത്ത് ഗ്രൂപ്പുകളില്‍ അയച്ച ശേഷമായിരുന്നു കോപ്പിയടി. പല കോളേജുകളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകള്‍ തന്നെയുണ്ടാക്കിയിരുന്നു. വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല പ്രോ വി.സിയുടെ നേതൃത്വത്തില്‍ പരീക്ഷ റദ്ദാക്കാനുളള തീരുമാനമെടുത്തത്. കോളേജുകളില്‍ സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.
Discussion about this post