സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.‘ഒറ്റക്കൊമ്പൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന പേര് കഴിഞ്ഞ ഡിസംബറിൽ തന്നെ രജിസ്റ്റർ ചെയ്തിരുന്നു എന്ന് ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടം പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വളരെയധികം ആളുകളുടെ പ്രവർത്തനം വേണ്ട ചിത്രമാണ്, അതുകൊണ്ടു തന്നെ കോവിഡ് സംബന്ധിച്ച നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കാൻ കഴിയൂ.’
‘ഇതൊരു ആൾക്കൂട്ട സിനിമയാണ്. തിയറ്ററിൽ തന്നെ റിലീസ് ചെയ്യേണ്ട സിനിമ. അതുകൊണ്ടു തിയറ്റർ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ വന്നതിനു ശേഷമേ സിനിമയെക്കുറിച്ചുള്ള ബാക്കി കാര്യങ്ങൾ തീരുമാനിക്കൂ. സുരേഷ്ഗോപി അഭിനയിക്കുന്ന സിനിമ, എന്നെ ഇപ്പോൾ പറയാൻ കഴിയൂ, മറ്റുള്ള താരങ്ങൾ ആരായിരിക്കും എന്നുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. നല്ല സിനിമകൾ വരട്ടെ, സിനിമാരംഗത്തുള്ള എല്ലാവർക്കും തൊഴിൽ കിട്ടത്തക്ക വിധത്തിൽ ഉള്ള പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. നല്ല സിനിമകൾക്ക് എന്നും എല്ലാവിധ പിന്തുണയും നൽകും.’–ടോമിച്ചൻ കൂട്ടിച്ചേർത്തു.
സഹസംവിധായകനായ മാത്യു തോമസിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഷിബിന് തോമസാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
Discussion about this post