ഇസ്താംബുള്‍: പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നിലവില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചതായി തുര്‍ക്കി ആരോഗ്യമന്ത്രി അറിയിച്ചു. 120 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
അതേസമയം, 6.6 ആണ് ഭൂചലനത്തിന്റെ തീവ്രതയെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.
ഗ്രീസിന്റെയും തുര്‍ക്കിയുടെയും തീരത്ത് നിന്ന് ഈജിയന്‍ കടലില്‍ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കന്‍ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
സേമോസ് ദ്വീപില്‍ നേരിയ തോതില്‍ സുനാമിത്തിരമാലകള്‍ ഉണ്ടായതായും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 45,000ത്തോളം പേരാണ് ഈ ദ്വീപിലുള്ളത്. നേരിയ സുനാമിയിലും ഭൂചലനത്തിലും സേമോസില് ആളപായം രേഖപ്പെടുത്തിയിട്ടില്ല. സേമോസില് നിലവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോമോസിന്റെ വടക്ക് പടിഞ്ഞാറുള്ള കര്ലോവസിയിലാണ് ഏറ്റവും കൂടുതല്‍ നാശം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടില്ല. ദ്വീപില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വടക്കന്‍ തുര്‍ക്കിയിലെ ഇസ്മിര്‍ പ്രവിശ്യയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇസ്മിറില്‍ 20 ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മര്‍മാരാ, ഇസ്താംബുള്‍ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേ സമയം, ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലും പ്രകമ്പനം ഉണ്ടായെന്നാണ് വിവരം. തുടര്‍ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായിരുന്നില്ല. ഗ്രീക്ക് ദ്വീപായ ക്രീറ്റിലും ചലനം അനുഭവപ്പെട്ടു.
Discussion about this post