കണ്ണൂര്‍: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന് അറസ്റ്റിലായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കെ കെ രമ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് കള്ളക്കടത്തു കേസില്‍ അറസ്റ്റിലാവുമ്പോള്‍ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടില്‍ വിറങ്ങലിച്ചു പോവുകയാണ് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകളെന്ന് കെ കെ രമ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്റെ മേല്‍വിലാസം മുന്‍നിര്‍ത്തി തന്നെയാണ് മകന് ബിനീഷ് ബിസിനസ് രംഗത്തെ വന്‍കിടക്കാരുമായി ബന്ധങ്ങള്‍ സൃഷ്ടിച്ചതും വികസിപ്പിച്ചതും. ക്രിമിനല്‍ പശ്ചാത്തലമുള്ള എത്ര വിവാദ വിഷയങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ ഈ പേര് കേരളം കേട്ടതാണെന്നും രമ ചോദിച്ചു. അവ പലതും അണിയറയില്‍ ഒത്തുതീരുകയോ മാഞ്ഞു പോവുകയോ ചെയ്തതും കേരളം കണ്ടതാണ്. അന്നൊന്നും തിരുത്താന്‍ തയ്യാറാവാത്തവര്‍ ഇന്ന് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഒഴിഞ്ഞു മാറുന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിക്കുവേണ്ടി കുടുംബ ജീവിതം വേണ്ടെന്നു വച്ച ഗൗരിയമ്മയെ പുറംതള്ളാന്‍ മടി കാണിക്കാതിരുന്ന പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോള്‍ കുടുംബവും പാര്‍ട്ടിയും രണ്ടാണെന്നും രമ വിമര്‍ശിച്ചു.
മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാര്‍ന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകന് അപനയിക്കപ്പെടുമ്പോള്‍ അതിന് മൗനാനുവാദം നല്കുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാന്‍ എന്തര്‍ഹതയാണുള്ളതെന്നും രമ ചോദിച്ചു.
Discussion about this post