ഡല്‍ഹി: 60 കോടി കോവിഡ് വാക്സിന് വിവിധ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് വാക്സിന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.
80 കോടി കോവിഡ് വാക്സിന് ഡോസ് ആവശ്യപ്പെട്ട അമേരിക്കയാണ് മുന്പില്. 160 കോടി വാക്സിന് കൂടി യുഎസ് ഇനി ആവശ്യപ്പെടും. 100 കോടി കൂടിയാവും ഇന്ത്യ ആവശ്യപ്പെടുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്സിന് വേണമെന്നാണ് നിഗമനം.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില്ല, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് എന്നിവയുടെ വാക്സിനുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. റഷ്യയുടെ സ്ഫുട്നിക് വാക്സിനും രാജ്യത്ത് പരീക്ഷിക്കുന്നുണ്ട്.
വികസിത രാജ്യങ്ങളും, ഇടത്തരം രാജ്യങ്ങളും ചേര്‍ന്ന് 380 കോടി കോവിഡ് വാക്സിന് ഡോസിന് ഇതുവരെ ഓര്‍ഡര്‍ ചെയ്തതായാണ് കണക്ക്. ഇത് 500 കോടിയിലേക്ക് ഉടന്‍ ഉയരും.
അതേസമയം ആദ്യ ഘട്ടത്തില്‍ മുപ്പത് കോടിയോളം പേര്‍ക്ക് ഇന്ത്യയില്‍ വാക്സിന് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post