കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയ്സ്റ്റ് നേതാവ് വേല്മുരുകന്. കാപ്പിക്കളത്ത് ഭാസ്കരന് മലയിലാണ് തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്പില്‍ വേല്മുരുകന് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു പോവുമെന്ന് സൂചനയില്ല.
കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി കെ സേതുരാമന്, നക്സല്‍ വിരുദ്ധസേന മേധാവി ചൈത്ര തെരേസ ജോണ്‍, വയനാട് ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി, വയനാട് സബ് കലക്ടര്‍ വികല്പ് ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതേഹ പരിശോധന നടന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തേക്ക് പ്രവേശിക്കാനായില്ല.
കൊല്ലപ്പെട്ട വേല്മുരുകന് തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം സ്വദേശിയാണ്. മധുര ലോ കോളജ് വിദ്യാര്‍ഥിയായിരിക്കേയാണ് അദ്ദേഹം മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ഒളിവില്‍ പോകുന്നത്. 36 വയസുണ്ടെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. സഹോദരന് അഡ്വ. മുരുകന് തമിഴ്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ്.
Discussion about this post