തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനം. തലസ്ഥാനത്തും കോഴിക്കോട്ടും നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയുടെ നിര്‍മാണകരാര്‍, സാമ്പത്തിക സ്രോതസ്സ് കണ്ടത്തെല്‍ എന്നിവയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വഴിപാടാക്കി പദ്ധതിക്ക് വിരാമമിടാനാണ് നീക്കം.
ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ ജനപ്രതിനിധികള്‍ അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍, മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ ഉടക്കില്‍ സമവായം കാണാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും നിരാശനാണ്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ പദ്ധതി പ്രചാരണ ആയുധമാക്കാതെ സര്‍ക്കാറിന് തരമില്ല. ഈ സാഹചര്യത്തില്‍ ലൈറ്റ് മെട്രോ കേന്ദ്രപരിഗണനയിലാണെന്ന് വരുത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കം. ഇതിനുമുന്നോടിയായി, പുതുക്കിയ പദ്ധതിരേഖക്ക് (ഡി.പി.ആര്) അടുത്ത മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും.
സാമ്പത്തിക സ്രോതസ്സ്, നിര്‍മാണകരാര്‍ തുടങ്ങിയവയില്‍ വ്യക്തത വരുത്തിയ ഡി.പി.ആര് ആകും അംഗീകരിക്കുക. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘം കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡുവിനെ കാണാനും ആലോചിക്കുന്നുണ്ട്. പിന്നെല്ലാം കേന്ദ്രത്തിന്റെ ഉത്തരവാദിത്തത്തിലാക്കി കാലാവധി കഴിക്കാനാകും ശ്രമം.ഐ.എ.എസ് ഉന്നതരില്‍ പലര്‍ക്കും ഇ. ശ്രീധരന് നേതൃത്വം നല്കുന്ന ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് (ഡി.എം.ആര്.സി) താല്പര്യമില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ നിലപാട്. സമവായം ഉണ്ടായാല്‍ ആലോചിക്കാമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post