കൊച്ചി : സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം ഡിസംബറില്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. ഡിസംബര്‍ 10നും 20നും ഇടയില്‍ ഉദ്ഘാടനം നടത്തും. ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട ശിലാസ്ഥാപനവും ഒരുമിച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തടസങ്ങളൊന്നുമുണ്ടായിരുന്നില്ല.
ആദ്യ ഐ.ടി മന്ദിരത്തിന്റെ നിര്‍മാണപുരോഗതി, മന്ദിരത്തിന്റെ ഉദ്ഘാടന തയാറെടുപ്പുകള്‍, പദ്ധതി ഒന്നാംഘട്ടത്തിന്റെ അവസ്ഥ, കോഡെവലപ്പര്‍മാരുടെ പദ്ധതികളുടെയും മറ്റ് അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെയും പുരോഗതി എന്നിവ യോഗത്തില്‍ വിലയിരുത്തി.
കാക്കനാട്ടെ പവിലിയന് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സ്മാര്‍ട്ട്സിറ്റി ചെയര്മാന് കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ജാബര്‍ ബിന്‍ ഹാഫിസ്, മന്ത്രി കെ. ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, എം.എ. യൂസുഫലി, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ്, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന് എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് യോഗത്തിനുമുമ്പ് മുഖ്യമന്ത്രി പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. 45ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമായിരുന്നു ഇത്.
Discussion about this post