തിരുവനന്തപുരം : പത്തു വര്‍ഷത്തിനുശേഷം അബ്ദു സെയ്ദ് അബ്ദുള്ള അല്‍ ബ്രീക്കി സ്വന്തം കാലില്‍ എഴുന്നേറ്റു നില്ക്കും. പരസഹായമില്ലാതെ നടക്കും. അറുപത്തിയേഴുകാരനായ ഈ യു.എ.ഇ. സ്വദേശി ഇതിന് കടപ്പെട്ടിരിക്കുന്നത് കേരളത്തോടും തിരുവനന്തപുരം കിംസ് ആശുപത്രിയോടുമാണ്.
പത്ത് വര്‍ഷത്തോളമായി രോഗാവസ്ഥയിലുള്ള അബ്ദുള്ളയുടെ നട്ടെല്ലിന് സംഭവിച്ച 70 ഡിഗ്രിയോളമുള്ള വളവാണ് കിംസ് ആശുപത്രിയിലെ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിലൂടെ പരിഹരിച്ചത്.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍മുട്ടിന് താഴെ രക്തം കട്ടപിടിക്കുന്ന അസുഖത്തെത്തുടര്‍ന്ന് അബ്ദുള്ള ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ ആ സമയത്തും അനുഭവപ്പെട്ടിരുന്ന നടുവേദന കാര്യമായെടുത്തില്ല. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ശരീരത്തിന്റെ നടുഭാഗം വളയുവാനും കാലുകള്‍ക്ക് ശക്തമായ വേദനയും ആരംഭിച്ചു. ശരീരത്തിന്റെ ചലനം തീര്‍ത്തും ദുഷ്കരമാവുകയും ദൈനംദിന ചര്യകള്‍ ചെയ്യുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്തു. തുടര്‍ന്ന് യു.എ.ഇയില്‍ നടന്ന ചികിത്സകള്‍ക്കും അന്വേഷണത്തിനും ഇടയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയെപ്പറ്റി അറിഞ്ഞു. തുടര്‍ ചികിത്സയ്ക്കായി അബ്ദുള്ളയും കുടുംബവും കേരളത്തില്‍ എത്തുകയും നട്ടെല്ല് രോഗ ചികിത്സാ വിദഗ്ദന് ഡോ.രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ കീഴില്‍ ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ പ്രായം കൊണ്ട് നടുവിന് സംഭവിച്ച തേയ്മാനവും അതുമൂലമുണ്ടായ നട്ടെല്ലിന്റെ വളവും, ഞരമ്പുകള്‍ക്ക് സംഭവിച്ച ഞെരുക്കവും, വേദനയും പ്രധാന വെല്ലുവിളികളായി. നട്ടെല്ലിന് സംഭവിച്ച 70 ഡിഗ്രിയോളം ഉള്ള വളവ് ശസ്ത്രക്രിയയിലൂടെ നേരെയാക്കുക എന്നത് പ്രധാന കടമ്പയായി. എന്നിരുന്നാലും നട്ടെല്ലിന് സംഭവിച്ച സാരമായ വളവ് നേരെയാക്കുവാനുള്ള ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ ആരംഭിക്കുകയായിരുന്നു.
പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നട്ടെല് ഇന്‍സ്ട്രുമെന്റേഷന്‍ ഉപയോഗിച്ച് നിവര്‍ത്തുന്ന ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗി നടക്കുവാനും ആരംഭിച്ചു. നടുവിന്റെ വളവ് പൂര്‍ണമായി പരിഹരിച്ചു അബ്ദുള്ള ഏഴു ദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു. നാട്ടില്‍ നിന്നും വിദേശത്ത് നിന്നുമായി നിരവധിപേരാണ് കിംസ് ആശുപത്രിയിലെ നട്ടെല്ല് രോഗചികിത്സാവിഭാഗത്തിന്റെ കീഴില്‍ ചികിത്സ തേടിയെത്തുന്നതെന്നും താക്കോല്‍ദ്വാര നട്ടെല്ല് ശസ്ത്രക്രിയകളും മറ്റ് സങ്കീര്‍ണമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും പ്രത്യേക വൈദഗ്ദ്യം കിംസ് ആശുപത്രി കൈവരിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയര്മാന് ഡോ.എം.ഐ.സഹദുള്ള പറഞ്ഞു.
Discussion about this post