ഐപിഎല്ലില്‍ ഇത്തവണ ശ്രദ്ധേയമായ പോരാട്ടം കാഴ്ചവച്ച താരമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാന് ദേവ്ദത്ത് പടിക്കല്‍. ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത് ഇരുപതുകാരനായ ദേവ്ദത്ത് പടിക്കലാണ്.
ബാംഗ്ലൂരിന് വേണ്ടി 15 മത്സരങ്ങള്‍ കളിച്ച ദേവ്ദത്ത് പടിക്കല്‍ അഞ്ച് അര്‍ധ സെഞ്ചുറികളോട് 473 റണ്‍സ് നേടി. 124.8 ആണ് പടിക്കലിന്റെ സ്ട്രൈക് റേറ്റ്. എട്ടി സിക്സും 51 ഫോറുമാണ് പടിക്കല്‍ ഈ സീസണില്‍ നേടിയത്. ബാംഗ്ലൂരിന്റെ എല്ലാ മത്സരങ്ങളിലും പടിക്കല്‍ ഓപ്പണര്‍ വേഷത്തിലാണ് എത്തിയത്. ആ സീസണിലെ മികച്ച അണ്‍ക്യാപ് താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പടിക്കലിന്റെ സ്ഥാനം. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് പടിക്കലിന്റേത്.
ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പടിക്കല്‍ പറയുന്നു. രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങുകയാണ് തന്റെ അടുത്ത ഘട്ടമെന്ന് അദ്ദേഹം ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
“രാജ്യത്തിനുവേണ്ടി കളിക്കുകയാണ് അടുത്ത ഘട്ടം. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എല്ലാവരും സ്വപ്നം കാണുന്നത് അതാണ്. എത്രയും പെട്ടന്ന് ഈ സ്വപ്നം നേടിയെടുക്കാനാണ് ഞാന്‍ പ്രയത്നിക്കുന്നത്. ഞാന്‍ എന്റെ കളി തുടരും, കളി മെച്ചപ്പെടുത്താന്‍ ആവശ്യമായതെല്ലാം ചെയ്യും. അവസരം ലഭിച്ചാല്‍ ഇരു കൈകളും നീട്ടി ഞാന്‍ അത് സ്വീകരിക്കും,” ദേവ്ദത്ത് പറഞ്ഞു.
അതേസമയം, താന്‍ ഐപിഎല്ലില്‍ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെ റാഷിദ് ഖാന് ആണെന്ന് ദേവ്ദത്ത് പറഞ്ഞു. മികച്ച പേസും ടേണും ഉള്ള ബൗളറാണ് റാഷിദ് എന്നും അദ്ദേഹത്തിന്റെ പന്തുകളില്‍ റണ്‍സ് നേടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും ദേവ്ദത്ത് പടിക്കല്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് ദേവ്ദത്ത് ലക്ഷ്യമിടുന്നത്. ഇടംകെെയന്‍ ബാറ്റ്സ്മാന് ആണെന്നത് പടിക്കലിന് ഏറെ ഗുണം ചെയ്യും. ഇന്ത്യ വര്‍ഷങ്ങളായി പരീക്ഷിച്ചുവരുന്ന റെെറ്റ്-ലെഫ്റ്റ് ഓപ്പണിങ് കൂട്ടുക്കെട്ടിന് പടിക്കലിനെ ഉപയോഗിക്കാന്‍ സാധിക്കും. പ്രായവും ദേവ്ദത്തിന് അനുകൂലമാണ്. 20 വയസ്സുള്ള പടിക്കലിന് ഓപ്പണര്‍ റോളില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് കുറേ വര്‍ഷത്തേക്ക് മറ്റൊരു താരത്തെ ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരില്ല. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പിന്തുണയും ദേവ്ദത്തിനുണ്ട്.
Discussion about this post