കൊല്ലത്ത് സിപിഎം നേതാക്കള്‍ ജാതീയമായി അധിക്ഷേപിച്ചെന്ന് പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം കെ സി ബിനു. അടിമയെ പോലെയാണ് നേതാക്കള്‍ തന്നോട് പെരുമാറിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പരിപാടികളില്‍ പോലും തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ദളിത് വിഭാഗങ്ങള്‍ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവര്‍ണ മുഖം തിരിച്ചറിയണമെന്നും ബിനു പറയുന്നു.
അഞ്ചല്‍ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ സി ബിനു. ജാതിഅധിക്ഷേപത്തെ തുടര്‍ന്നാണ് താന്‍ സിപിഎം വിട്ടതെന്ന് ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ കൊല്ലത്തെ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ദളിതനായ പ്രതിനിധി ജില്ലാ പഞ്ചായത്തില്‍ വടയും ചായയും കുടിക്കാന്‍ വന്നതാണെന്ന തരത്തിലാണ് നേതാക്കള്‍ പെരുമാറാറുള്ളതെന്നും ബിനു പറഞ്ഞു.
ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല എന്നാണ്. താന്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിനു പറഞ്ഞു.
Discussion about this post