ഡല്‍ഹി: ഇന്ത്യ ലോകത്തിന് മുന്നില്‍ സഹായങ്ങള്‍ നല്കി മാതൃകയാകുമ്പോള്‍ തൊട്ടടുത്ത അയല്‍രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് മോശം ഉദാഹരണമായി നിലകൊള്ളുകയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഡക്കാണ് ഡയലോഗ് എന്നപേരില്‍ നടക്കുന്ന പരിപാടിയിലാണ് പാകിസ്ഥാനെ പരോക്ഷമായി എസ്.ജയശങ്കര്‍ വിമര്‍ശിച്ചത്.
ലോകം ഇന്ത്യയെ കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ മരുന്നുകളും സഹായങ്ങളും എത്തിക്കുന്ന ഇന്ത്യയുടെ പരിശ്രമത്തെ ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞെന്നും ജയശങ്കര്‍ പറഞ്ഞു. ലോകത്തെ നിരവധി രാജ്യങ്ങള്‍ ഞങ്ങളുമായി എല്ലാ ദിവസവുമെന്നോണം വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ഏതാനും വര്‍ഷങ്ങളായി ലോകത്തിലെവിടേയും എന്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടാലും മാനുഷികമായ എല്ലാ സഹായങ്ങള്‍ക്കും ഇന്ത്യ മടിച്ചുനില്‍ക്കാറില്ല. അത് ഭൂകമ്പമായാലും പ്രളയമായാലും ഇന്ത്യ എല്ലാ സഹായത്തിനും മുമ്പിലുണ്ടെന്നതാണ് വസ്തുതയെന്നും ജയശങ്കര്‍ പറഞ്ഞു.
നേപ്പാള്‍ ഭൂകമ്പം, യമനിലെ ആഭ്യന്തര യുദ്ധം, മൊസാമ്പിക്കിലെ ചുഴലിക്കാറ്റ്, ശ്രീലങ്കയിലെ മണ്ണിടിച്ചില്‍ എന്നിവ ഉദാഹരണങ്ങളാണെന്നും സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post