ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തി ഐസിസി. വനിതാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.
2022-ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി വനിതകള്‍ കളത്തിലിറങ്ങും. ഇംഗ്ലണ്ടില്‍ വെച്ചാണ് ഗെയിംസ് നടക്കുന്നത്. ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിനോടകം ടൂര്‍ണമെന്റില്‍ യോഗ്യത നേടിക്കഴിഞ്ഞു. ആകെ എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക.
2021 ഏപ്രിലില്‍ ഐസിസി പുറത്തിറക്കുന്ന വനിതാ ടി-20 റാങ്ക് ലിസ്റ്റ് അനുസരിച്ച് ആദ്യ 6 സ്ഥാനങ്ങളില്‍ ഉള്ളവര്‍ നേരിട്ട് യോഗ്യത നേടും. മറ്റു രണ്ട് സ്ഥാനങ്ങളിലേക്കായി യോഗ്യതാ മത്സരങ്ങള്‍ കളിക്കണം.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് മത്സര ഇനമായി ക്രിക്കറ്റ് ഇടം പിടിയ്ക്കുന്നത്. 1998-ല്‍ ആദ്യമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയപ്പോള്‍ പുരുഷ ടീമുകളാണ് കളിച്ചത്. 50 ഓവര്‍ മത്സരങ്ങളുടെ ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ ഏറ്റുമുട്ടി. ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക കിരീടം ചൂടിയിരുന്നു.
2022 ജൂലായ് 28 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ബര്മിങ്ഹാമാണ് വേദി.
Discussion about this post