ഡല്‍ഹി: ജമ്മുവിലെ നഗ്രോതയില്‍ വന്‍ ആക്രമണ പദ്ധതിയുമായെത്തിയ ഭീകരരെ പരാജയപ്പെടുത്തിയ സൈന്യത്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചത്.
‘പാകിസ്ഥാന് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദില്‍ അംഗമായ നാല് തീവ്രവാദികളെ അമര്‍ച്ച ചെയ്യുകയും അവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്ത സൈന്യത്തിന്റെ നടപടി കാരണം വലിയ ആക്രമണത്തിനുളള പദ്ധതിയാണ് തകര്‍ക്കപ്പെട്ടത്.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ പതിനൊന്ന് എ.കെ-47 തോക്കുകളും മൂന്ന് പിസ്റ്റളുകളും 29 ഗ്രനേഡുകളും പിടിച്ചെടുത്തു.
ഇന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ദ്ധന് ശ്രിംഗ്ള എന്നിവരും മുഖ്യ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗ്രോത ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. സൈന്യം വധിച്ച നാല് ഭീകരരും മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 26ന് ശക്തമായ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.
‘ജമ്മുകാശ്മീരിലെ താഴേത്തട്ടിലുളള ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുളള ശ്രമം നമ്മുടെ സുരക്ഷാ സേനകള്‍ അങ്ങേയറ്റം ധൈര്യത്തോടെയും മികവോടെയും തകര്‍ത്തു.’ പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെയാണ് കാശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ്.ഇതിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ വരവ്. എന്നാല്‍ നഗ്രോതയിലെ ബാന്‍ ടോള്‍ പ്ളാസയ്ക്ക് സമീപം വച്ച് സൈന്യം ഈ ശ്രമം തകര്‍ത്തു. നാല് ഭീകരരെ വധിച്ചു. പിടിയിലായവര്‍ നല്കിയ വിവരമനുസരിച്ചാണ് ആക്രമണ പദ്ധതി അറിയാനായത്.
Discussion about this post