ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നു വികസിപ്പിക്കുന്ന കോവിഡ് വാക്സിന് 90 ശതമാനം വരെ ഫലപ്രദമാണെന്ന് മരുന്നു നിര്‍മാണ കമ്പനിയായ ആസ്ട്രസെനെക. ഗുരുതരമായ ഒരു പാര്‍ശ്വ ഫലവുമില്ലാതെയാണ് ഈ പരീക്ഷണങ്ങളെന്നും കമ്പനി വ്യക്തമാക്കി.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്കിയപ്പോള് ഫലപ്രാപ്തി 90 ശതമാനമാണെന്നു കണ്ടെത്തിയെന്നും ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂര്‍ണ ഡോസുകള്‍ നല്കിയപ്പോള് 62 ശതമാനം ഫലപ്രാപ്തി ലഭിച്ചെന്നും കമ്പനി അവകാശപ്പെട്ടു. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി വ്യക്തമാക്കി.
ബ്രിട്ടനിലെയും ബ്രസീലിലെയും അവസാനഘട്ട പരീക്ഷണങ്ങളില്‍ നിന്നുള്ള കണക്കുകളാണ് കമ്പനി വെളിപ്പെടുത്തുന്നത്. ക്ലിനിക്കല്‍ ട്രയലില്‍ ആദ്യം വാക്സിന് പകുതി ഡോസായി നല്‍കുകയും ഒരു മാസത്തിനു ശേഷം മുഴുവന്‍ ഡോസ് നല്‍കുകയും ചെയ്യുകയായിരുന്നെന്നും ആസ്ട്രസെനെക മേധാവി പാസ്കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു.
ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവരില്‍ അണുബാധയുണ്ടായ 131 പേരുടെ വിവരങ്ങളാണ് ഇടക്കാല വിശകലനത്തിലുള്ളത്. 20,000 വോളണ്ടിയര്‍മാരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇതില്‍ 131 പേരില്‍ മാത്രമാണ് രോഗബാധയുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് വാക്സിന് പരീക്ഷണത്തിലെ രാജ്യത്തെ പങ്കാളി. ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്റെയും ഗവി വാക്സിന് സഖ്യത്തിന്റെയും പിന്തുണ ഇവര്‍ക്കുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറു കോടി ഡോസ് വാക്സിന് ഉത്പാദിപ്പിക്കാനാണ് ആസ്ട്രസെനെക ഉദ്ദേശിക്കുന്നത്.
Discussion about this post