ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് വിതരണം ജനുവരിയോടെ സാധ്യമാകുമെന്ന് വിലയിരുത്തല്‍. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുക.
പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്സ്ഫഡ് വാക്സിന്റെ ട്രയല്‍ റിപ്പോര്‍ട്ട് ഡിസംബര്‍ അവസാനം ലഭിക്കും. മൂന്ന് ഘട്ടങ്ങളിലായി നടന്ന വാക്സിന് പരീക്ഷണത്തില്‍ 70.4 ശതമാനം സ്ഥിരത പുലര്‍ത്തിയെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. കോവിഡ് വാക്സിന് ഇന്ത്യയില്‍ ഉടന്‍ ലഭ്യമാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ഡോ.സൈറസ് പൂനെവാല പറഞ്ഞു.
“കോവിഡിനെതിരായ വാക്സിന് ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്സിന് പൊതു വിപണിയിലെത്തിക്കാന്‍ ആവശ്യമായ അടിയന്തരാനുമതിക്കായി അടുത്ത 45 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ അപേക്ഷിക്കും,” പൂനെവാല പറഞ്ഞു.
വാക്സിന് ഉപയോഗിച്ച വ്യക്തികളില്‍ ഗുരുതര പ്രത്യാഘാതങ്ങളില്ലെന്നും അത്തരം രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കേണ്ട അവസ്ഥ പോലും സംജാതമായിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചതിന് ശേഷം 14 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന കോവിഡ് -19-ല്‍ നിന്ന് സംരക്ഷണം കാണിക്കുന്നതായാണ് ഒരു സ്വതന്ത്ര ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് നിര്‍ണയിച്ചത്. വാക്സിനുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ സംഭവങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഓക്സ്ഫഡ് വാക്സിന്റെ രാജ്യാന്തര ഉല്പാദകരായ അസ്ട്രാസെനക്ക, വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുകെ അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും.
നാല്‍പ്പത് മില്യണ്‍ വാക്സിന് ഡോസുകള്‍ ഇതിനോടകം തയ്യാറായിട്ടുണ്ട്. അടുത്ത 45 – 60 ദിവസത്തിനുള്ളില്‍ 60 മില്യണ്‍ ഡോസുകള്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന് താരതമ്യേന ചെറിയ വിലയില്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാലയും പറഞ്ഞു. ആദ്യ ഡോസ് 90 ശതമാനം സ്ഥിരത പുലര്‍ത്തുന്നതായും രണ്ടാം ഡോസ് 62 ശതമാനം സ്ഥിരത പുലര്‍ത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനെകയും ചേര്‍ന്നാണ് ഇന്ത്യയില്‍ കോവിഡ് വാക്സിന് നിര്‍മിക്കുന്നത്. കോവിഡ് വാക്സിന് മുതിര്‍ന്നവരില്‍ 99 ശതമാനം വിജയമെന്നു രണ്ടാംഘട്ട പരീക്ഷണഫലത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 60 വയസിനു മുകളിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ കോവിഡ് വാക്സിന് ഏറെ ഫലപ്രദമെന്നാണ് ഇതിലെ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നതും.
രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് വാക്സിന് സൂക്ഷിക്കേണ്ടിവരിക. സ്വകാര്യ വിപണിയില്‍ 500 മുതല്‍ 600 വരെയായിരിക്കും വാക്സിന് വിലയെന്നും സിറം വ്യക്തമാക്കുന്നു. രണ്ട് ഡോസിന് ആയിരം രൂപയായിരിക്കും വില.
അതേസമയം, മറ്റ് രാജ്യങ്ങളുടെ വാക്സിനും ഉടന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ, യുഎസ് കമ്പനിയായ ഫെെസര്‍ കോവിഡ് വാക്സിന് പരീക്ഷണം 90 ശതമാനം വിജയകരമെന്ന് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്സിന് പരീക്ഷണം 95 ശതമാനവും വിജയകരമെന്നാണ് ഇപ്പോള്‍ ഫെെസര്‍ അവകാശപ്പെടുന്നത്.
വാക്സിനിന്റെ ക്ലിനിക്കല്‍ ട്രയലുമായി ബന്ധപ്പെട്ട ഒടുവില്‍ ലഭിച്ച ഫലങ്ങള്‍ 95% ഫലപ്രദമാണെന്ന് ഫെെസര്‍ പറഞ്ഞു. ഇതിന് ആവശ്യമായ രണ്ട് മാസത്തെ സുരക്ഷാ ഡാറ്റയുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് സര്‍ക്കാരിന്റെ അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
എല്ലാ പ്രായത്തിലുമുള്ളവരിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും വാക്സിന് ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വാക്സിന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. കോവിഡ് ബാധിതരില്‍ പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ളവരില്‍ വാക്സിന് 94 ശതമാനവും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നാണ് ഫൈസര്‍ പറയുന്നത്.
ജര്‍മന്‍ കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്സിന് വികസിപ്പിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 90 ശതമാനവും വിജയമാണെന്നാണ് ഇവര്‍ ഒരാഴ്ച മുന്‍പ് അറിയിച്ചത്. നിലവില്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്ന വാക്സിനുകളില്‍ ഏറ്റവും വേഗത്തില്‍ വിജയം കാണാന്‍ സാധ്യതയുള്ളത് ഫൈസറിന്റേതാണ്.
ഫൈസറിന് പിന്നാലെ കോവിഡ് വാക്സിന് ഫലപ്രാപ്തിയിലെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തി. കോവിഡ് പ്രതിരോധത്തിനായി തങ്ങള്‍ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിന് 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഈ വാക്സിനുകളും ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
Discussion about this post