ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും. അടുത്ത ആറ് മണിക്കൂര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും പിന്നീട് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായ ചുഴലി കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. നിവാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഇന്ന് വൈകിട്ട് കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ കടക്കുമെന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റ് 145 കിലോമീറ്റര്‍ വേഗത കൈവരിക്കും.
1,200 ഓളം ദേശീയ ദുരന്ത നിവാരണ (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തകരെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയില്‍ കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക.
ആന്ധ്രാപ്രദേശിന്റെ തെക്കന്‍മേഖലമുതല്‍ തൂത്തുക്കുടിവരെ കാറ്റിന്റെ സ്വാധീനമുണ്ടാകും. പലഭാഗത്തും 80മുതല്‍ 100കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള 24 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ഏഴു ജില്ലകളില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈയില്‍ ബുധനാഴ്ച രാവിലെ പത്തുമുതലുള്ള സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി.
പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post