ടെഹ്റാന്: ഭീകരാക്രമണത്തിൽ ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന് മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. 63 വയസ്സായിരുന്നു. ടെഹ്റാനില്‍ വച്ച് ഫക്രിസാദെയുടെ കാറിനു നേരെ ആയുധധാരികളായ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ഫക്രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിഴക്കന്‍ ടെഹ്റാനിലെ അബ്സാര്ദിലായിരുന്നു സംഭവം.
യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഫക്രിസാദെയുടെ അംഗരക്ഷകരും തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ നിരവധി അക്രമികളും കൊല്ലപ്പെട്ടു. ഫക്രിസാദെയുടെ അംഗരക്ഷകരില്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം, ആക്രമണത്തിനു പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്റെ ആരോപണം. ആക്രമണത്തില്‍ ഇസ്രയേലിന്റെ പങ്കിന് ശക്തമായ സൂചനകളുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി ആരോപിച്ചു.
ഫക്രിസാദെ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡില്‍ അംഗമായിരുന്നു. അദ്ദേഹം മിസൈല്‍ നിര്‍മാണത്തില്‍ വിദഗ്ധനുമായിരുന്നു. ഇറാന്റെ ആണവായുധ പദ്ധതിക്ക് പിന്നില്‍ ഫക്രിസാദെയാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തൽ.
Discussion about this post