തിരുവനന്തപുരം: വീടുകളില്‍ പുരപ്പുറ സോളര്‍ വൈദ്യുത പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേരളത്തിന് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. നേരത്തെ അനുവദിച്ച 50 മെഗാവാട്ടിനു പുറമേയാണിത്. ഇതനുസരിച്ച് ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു സബ്സിഡിയോടെ സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാം.
മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് 40ശതമാനവും അതിനു മുകളില്‍ 10 കിലോവാട്ട് വരെ 20 ശതമാനവും ആണ് കേന്ദ്ര സബ്സിഡി ലഭിക്കുക. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു താല്പര്യമുണ്ടെങ്കില് പദ്ധതിയുടെ 25% തുക വരെ വൈദ്യുതി ബോര്‍ഡ് ചെലവഴിക്കും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ബോര്‍ഡിനു നല്‍കണം. മുഴുവന്‍ ചെലവും വഹിക്കുന്ന ഉപയോക്താക്കള്‍ക്കു മുഴുവന്‍ വൈദ്യുതിയും എടുക്കാം.
കേരളത്തിനു പുറമേ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു കേന്ദ്രം 100 മെഗാവാട്ടില്‍ കൂടുതല്‍ പുരപ്പുറ സോളര്‍ പദ്ധതി അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട 200 മെഗാവാട്ടും കേന്ദ്രം അംഗീകരിച്ചു. മുന്‍പ് അനുവദിച്ച 50 മെഗാവാട്ട് പുരപ്പുറ സോളര്‍ പദ്ധതിയുടെ റജിസ്ട്രേഷന് വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ നടക്കുകയാണ്.
200 മെഗാവാട്ട് കൂടി ലഭിച്ച സാഹചര്യത്തില്‍ താല്പര്യമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മൂന്നു കിലോവാട്ടിന്റെ നിലയം സ്ഥാപിച്ചാല്‍ മാസം 350 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. മൂന്നു കിലോവാട്ടിന്റെ പ്ലാന്റിന് ഒന്നര ലക്ഷത്തോളം രൂപ ചെലവു വരും. ഇതിന്റെ 40% കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
പദ്ധതി നടപ്പാക്കുന്നതിനു യോഗ്യതയുള്ള കമ്പനികളെ വൈദ്യുതി ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചാണു തിരഞ്ഞെടുക്കുക. യോഗ്യതയുള്ളവരുടെ പാനല്‍ പ്രസിദ്ധീകരിക്കും. അതില്‍ നിന്ന് ഉപയോക്താക്കള്‍ക്കു താല്പര്യമുള്ളവരെ തിരഞ്ഞെടുത്തു പ്ലാന്റ് സ്ഥാപിക്കാം.
Discussion about this post