തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ (കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്) ബ്രാഞ്ചുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തൽ. മിന്നല്‍ പരിശോധനകളില്‍ മുപ്പതിലേറെ ബ്രാഞ്ചുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ ചിട്ടികള്‍ അടക്കം സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും അധികം ആശ്രയിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ.
ഓപ്പറേഷന് ബചത് എന്ന പേരിലാണ് വെള്ളിയാഴ്ചയും ഇന്നലെയുമായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്. 600ലേറെ ബ്രാഞ്ചുകളില്‍ 40 എണ്ണത്തിലാണ് റെയ്ഡ് നടന്നത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടുകള്‍ നടത്തി ക്രമക്കേട് കാണിക്കുന്നതായി വിജിലന്‍സിന് പരാതികള്‍ ലഭിച്ചിരുന്നു. ചിട്ടികളിലെ ചില ക്രമക്കേടുകളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
പലയിടത്തും രണ്ടു മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ മാസ അടവുള്ള ചിട്ടികളില്‍ ആളുകള്‍ ചേര്‍ന്നതില്‍ സംശയം. തിരുവനന്തപുരം ആറ്റിങ്ങലിലെ പ്രധാന ബ്രാഞ്ചില്‍ ഒരാള്‍ പല ചിട്ടികളിലായി ഒമ്പത് ലക്ഷം രൂപ വരെ അടയ്ക്കുന്നുണ്ട്. മറ്റൊരാള്‍ നാലേ കാല് ലക്ഷം രൂപ വരെ അടയ്ക്കുന്നുണ്ട്. തൃശൂരിലെ ഒരു ബ്രാഞ്ചില്‍ രണ്ട് പേര് 20 ചിട്ടിയില്‍ ചേര്‍ന്നതായും കണ്ടെത്തി. മറ്റൊരാള്‍ 10 ചിട്ടിയില്‍ ചേര്‍ന്നു. കൃത്യമായ വരുമാന സ്രോതസ്സില്ലാത്ത ഇവര്‍ ഈ തുക അടയ്ക്കുന്നതിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് വിജിലന്‍സിന്റെ നിഗമനം.
തിരുവനന്തപുരം ഹൗസിങ് ബോര്‍ഡ് ജങ്ഷനിലെ ബ്രാഞ്ചില്‍ രണ്ടു കൊള്ളച്ചിട്ടികള്‍ കണ്ടെത്തി. മള്‍ട്ടി ഡിവിഷന് ചിട്ടികളില്‍ ജീവനക്കാര്‍ തന്നെ ബിനാമി ഇടപാടുകള്‍ നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റണം. എന്നാല്‍, പല സ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതില്‍ വീഴ്ച വരുത്തിയതായും റെയ്ഡില്‍ കണ്ടെത്തി.
അതേസമയം ഇടതു സര്‍ക്കാര്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് ക്രമക്കേട് അടക്കമുള്ളവയില്‍ കുരുങ്ങിയിരിക്കുന്ന വേളയിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും വിവാദത്തിലായത്.
Discussion about this post