കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് നേരിട്ട് നോട്ടീസ് നല്കാന് ഇ.ഡിയുടെ(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നീക്കം. അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താല്‍ ഇ.ഡി കടുത്ത നടപടികളിലേക്ക് കടക്കും. നാളെയോ തൊട്ടടുത്ത ദിവസങ്ങളിലോ നടപടി പ്രതീക്ഷിക്കാമെന്ന് ഇ.ഡിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേസിലെ നിര്‍ണായക കണ്ണിയായ സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ അപ്രതീക്ഷിതമായി നീണ്ട സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം. ചോദ്യം ചെയ്യലില്‍ ഇനിയൊരു കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ഏജന്‍സി ലക്ഷ്യമിടുന്നത്.
സി.എം രവീന്ദ്രന് അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്താല്‍ എം.ശിവശങ്കറിന്റെ കാര്യത്തിലേതു പോലെ കസ്റ്റഡിയിലെടുക്കലടക്കം സംഭവിച്ചേക്കാം. നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും സി.എം രവീന്ദ്രന് അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജരായിരുന്നില്ല. ആദ്യം കൊവിഡ് രോഗബാധ മൂലവും രണ്ടാമത് കൊവിഡാനന്തര ചികിത്സയുടെ ഭാഗമായുമാണ് ഹാജരാകാതിരുന്നത്.
Discussion about this post