ബംഗളൂരു: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇന്ത്യയ്ക്ക് നാളെ ഇറാന്റെ ഭീഷണി. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ അട്ടിമറി വിജയം അനിവാര്യം. അതേസമയം ശക്തരായ ഇറാന് ഇന്ത്യ ഒരു വെല്ലുവിളിയെ ആകില്ല എന്നാണ് വിലയിരുത്തല്‍.
ബംഗളൂരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാളെ ഇറാനെ നേരിടാനിറങ്ങുമ്പോള്‍, ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെയും താരങ്ങളുടെയും മനസ്സില്‍ അധികം ആത്മവിശ്വാസമുണ്ടാവില്ല. അത്രയും ശക്തമാണ് ഇറാന്റെ ടീം.
ലോകകപ്പില്‍ കളിച്ച മിഡ്ഫീല്‍ഡര്‍ ആന്ദ്രാനിക് തെയ്മൂറിയാനാണ് ക്യാപ്റ്റന്‍. ഗോള്‍കീപ്പര്‍ അലിറേസ ഹഗീഗി, പ്രതിരോധ നിരയിലെ ജലാല്‍ ഹൊസേനി, പെജ്മാന്‍ മൊണ്ടസേറി, മധ്യനിരയിലെ ഖോര്‍സോ ഹെയ്ദാരി തുടങ്ങിയവര്‍ ടീമിനൊപ്പമുണ്ട്. യൂറോപ്പിലും അറബ് ലീഗിലും കളിക്കുന്ന അലി ദേയിയുടെ നാട്ടുകാര്‍ ഇന്ത്യയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പഠനത്തിനും മറ്റുമായി എത്തിയ മൂവായിരത്തോളം ഇറാനികള്‍ ബംഗളൂരു നഗരത്തിലുണ്ട്. സ്വന്തം ടീമിനെ പിന്തുണക്കാന്‍ അവര്‍ ഗാലറിയിലെത്തും.
ജയത്തില്‍ കുറഞ്ഞൊന്നും ഇറാന് പ്രതീക്ഷിക്കുന്നില്ല. യോഗ്യതാ ഘട്ടത്തിലെ രണ്ടാം റൗണ്ടില്‍ ഗ്രൂപ്പ് ‘ഡി’യില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ അവര്‍ക്ക് ജയം അനിവാര്യമാണ്. രണ്ട് കളിയില്‍നിന്ന് നാല് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ഇറാന്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ ഏറ്റവും അവസാനവും.
Discussion about this post