തിരുവനന്തപുരം : മായം ചേര്‍ത്ത ഉത്പന്നങ്ങള്ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി.വി അനുപമ. നിറപറയുടേതുള്പ്പടെ 600 ഓളം ഉത്പന്നങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ പല ഉത്പന്നങ്ങളും മായം ചേര്‍ത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയ്ക്കെതിരെയെല്ലാം നടപടി ആരംഭിച്ചു.
നിറപറയ്ക്കെതിരെ ഒന്‍പതു ജില്ലകളില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഈ മാസം ഒന്‍പതിനുള്ളില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് തെളിഞ്ഞ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് കാട്ടി ഇ-മെയില്‍ വഴി അറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു തന്നെ ഇവര്‍ക്ക് ഭക്ഷ്യ സുരക്ഷ വിഭാഗം മായം ചേര്‍ത്തതെന്ന് കണ്ടെത്തിയ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ രണ്ടു ദിവസത്തിനകം പിന്‍വലിക്കണമെന്ന് കാട്ടി ഇന്നു കത്ത് കൈമാറും. അറിയിപ്പ് നല്‍കിയിട്ടും ഇതുവരെ കമ്പനി ഇതിനെതിരെ അപ്പീല്‍ നല്‍കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ നടപടികളുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നോട്ടുപോകും.
ഭക്ഷ്യസുരക്ഷ വിഭാഗം നടപടി സ്വീകരിക്കുന്ന ഉത്പന്നങ്ങളുടെ ഉടമകള്‍ കോടതിയില്‍ കേസിനു പോകുന്നതിനാല്‍ രണ്ടു മുന്നു വര്‍ഷം നീളും ഇതിന്റെ നടപടി ക്രമങ്ങള്‍. കാലതാമസം ഒഴിവാക്കാന്‍ ഫുഡ്സേഫ്റ്റി വകുപ്പിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചു നിരോധിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാതായും കമ്മീഷണര്‍ പറഞ്ഞു.
Discussion about this post