ഗൊരഖ്പുര്‍: ഒരു മാസത്തിനുള്ള കോവിഡ് വാക്സിന്‍ തയാറാകുമെന്നും സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചുനിര്‍ത്താനായിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ‘ആരോഗ്യകരമായ കിഴക്കന്‍ ഉത്തര്‍പ്രദേശ്’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കോവിഡ് മരണനിരക്ക് എട്ട് ശതമാനമാണ്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 1.04 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. കോവിഡിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തിന് ലോകാരോഗ്യ സംഘടനയില്‍നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ആവശ്യമാണ്. കൂട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ എപ്പോഴും മികച്ച മുതല്‍ക്കൂട്ടാണ്. എയിംസ് പോലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പങ്ക് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്. കിഴക്കന്‍-വടക്കന്‍ ബിഹാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് കോടി ജനങ്ങള്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് ഗൊരഖ്പുറിനെയാണ് ആശ്രയിക്കുന്നത്’ -യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post