മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ വരാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഈ മാസം 22 വരെ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍ മുതലായവ നിരോധിച്ചു.
രാത്രി എട്ടിനു ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. തുറന്ന വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല. പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല.
പരിപാടികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരും (സ്ഥാനാര്‍ഥികള്‍ ഒഴികെ) വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുവാന്‍ പാടില്ല- കളക്ടര്‍ നിര്‍ദേശിച്ചു.
Discussion about this post