കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ച് സുവേന്ദു അധികാരി. ബംഗാളോ തൃണമൂല്‍ കോണ്‍ഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു. ഒരാളുടെ സംഭാവനയാല്‍ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാര്‍ട്ടി. വലിയ തോതില്‍ നിരന്തരവും തുടര്‍ച്ചയായതുമായ ശ്രമത്തിന്റെ ഭാഗമാണിത്. അങ്ങനെയാണ് 2011-ല്‍ ബംഗാളില്‍ തൃണമൂല്‍ അധികാരത്തില്‍ വന്നത്. സാധാരണക്കാര്‍ പടുത്തുയര്‍ത്തിയ തൃണമൂല്‍ ഇപ്പോള്‍, മറ്റാരെയും ശ്രദ്ധിക്കാത്ത വ്യക്തികളാല്‍ നിറഞ്ഞിരിക്കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.
മിഡ്നാപുരിലെ ബിജെപി റാലിയില്‍ അമിത് ഷായെ ‘മൂത്ത സഹോദരന്’ എന്ന് വിളിച്ച സുവേന്ദു, തൃണമൂലില്‍നിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും അമിത് ഷായില്‍ നിന്നു ലഭിച്ചെന്നു പറഞ്ഞു.
അമിത് ഷായുമായുള്ള എന്റെ ബന്ധം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. പക്ഷേ ഒരിക്കല്‍ പോലും അദ്ദേഹം ബിജെപിയില്‍ ചേരാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ കോവിഡ് ബാധിതനായപ്പോള്‍ തൃണമൂലിലെ ആരും അന്വേഷിച്ചില്ല. പക്ഷേ അമിത് ഷാ രണ്ടുതവണ വിളിച്ചു. നിങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനോ ആജ്ഞാപിക്കാനോ ഞാനില്ല, ബിജെപിയുടെ സാധാരണ പ്രവര്‍ത്തകനായി നിലകൊള്ളുമെന്നു അദ്ദേഹം പറഞ്ഞു.
വിവിധ പാര്‍ട്ടികളിലെ ഒന്‍പത് എംഎല്‍എമാര്‍ക്കും തൃണമൂല്‍ എംപിക്കും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിലാണു സുവേന്ദു അധികാരി ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്.
Discussion about this post