ഡല്‍ഹി: പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 2021-നെ വരവേറ്റു. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. ഓസ്ട്രേലിയ, ജപ്പാന്, നോര്‍ത്ത് സൗത്ത് കൊറിയകള്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം എത്തി.
കോവിഡ് പ്രതിസന്ധിയാണ് 2020-ല്‍ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയത്. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ കോവിഡിനൊപ്പം സാമ്പത്തിക പ്രതിസന്ധിയിലേക്കും തെന്നിവീണു. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് വളരെ പതുക്കെ കരകയറാന്‍ ശ്രമിക്കുകയാണ് എല്ലാ രാജ്യങ്ങളും. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളിലേക്ക് രാജ്യം കടന്നു. മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യത്തെ അടച്ചുപൂട്ടല്‍. പിന്നീട് കോവിഡ് രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ നീട്ടി. മേയ് വരെ നാല് തവണയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നീട്ടികൊണ്ടുപോയത്. അതിനുശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കാന് തുടങ്ങി.
ഇന്ത്യയെ സംബന്ധിച്ചിടുത്തോളം കോവിഡ് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ആരോഗ്യരംഗത്ത് വലിയ വെല്ലുവിളി ഉയര്‍ന്നു എന്നതിനൊപ്പം സാമ്പത്തിക, സാമൂഹിക രംഗത്തും വലിയ തിരിച്ചടികള്‍ നേരിട്ടു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അന്യ സംസ്ഥാന തൊഴിലാളികളുടെ അവസ്ഥ കൂടുതല്‍ ദയനീയമായി. രാജ്യത്തിന്റെ സാമ്പത്തിക നില വലിയ വെല്ലുവിളികള്‍ നേരിട്ടു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ 2021-ല്‍ സാധിക്കുമെന്നാണ് രാജ്യമൊട്ടാകെ പ്രതീക്ഷിക്കുന്നത്.
കോവിഡ് പ്രതിസന്ധി അവസാനിക്കാത്തതിനാല്‍ കടുത്ത നിയന്ത്രണങ്ങളാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുതുവത്സര ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പുതുവര്‍ഷാഘോഷങ്ങളിലും കോവിഡ്-19 ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത പ്രതിരോധ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കി. മാസ്ക് ധരിക്കുന്നതും സാംമൂഹിക അകലം പാലിക്കുന്നതും അടക്കമുള്ള നിയന്ത്രണങ്ങള്‍ ആഘോഷങ്ങള്‍ക്ക് ബാധകമാണ്.
പുതുവര്‍ഷത്തലേന്നായ ഡിസംബര്‍ 31ന് പൊതു പരിപാടികളൊന്നും സംഘടിപ്പിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 31ന് രാത്രി 10മണിയോടെ എല്ലാ പുതുവര്‍ഷാഘോഷ പരിപാടികളും അവസാനിപ്പിക്കണമെന്നും ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post