കാസര്‍കോട് : കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. കവര്‍ച്ചക്കാരെ സഹായിച്ച ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവരാണ് കവര്‍ച്ചാ സംഘത്തിലെന്നാണ് സൂചന. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കാനായിരുന്നു കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം. ഇന്നോ നാളെയോ പ്രതികളെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്നു പേര് ഇന്നലെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. പ്രതികള്‍ കടന്നുകളയാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കവര്‍ന്ന സ്വര്‍ണാഭരണങ്ങളുടെ കൂട്ടത്തിലുള്‍പ്പെട്ട മാല ബാങ്കിനടുത്തെ ചൗക്കി പെട്രോള്‍ പമ്പിനു സമീപത്തെ റോഡില്‍ നിന്നു പൊലീസ് കണ്ടെടുത്തു. ഇതിനിടെ പ്രതികളായ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കവര്‍ച്ച നടത്തി സ്വര്‍ണവും പണവുമായി സംഘം ഒരു ദിവസം കാസര്‍കോട് തങ്ങിയെന്നാണ് വിവരം. പിറ്റേന്ന് രാത്രി കാറില്‍ കാസര്‍കോട് മംഗളൂരു വഴി രക്ഷപ്പെടുകയായിരുന്നു.
ബാങ്ക് ജീവനക്കാരികളുടെയും ബാങ്കിനടുത്ത് ജോലി ചെയ്യുകയായിരുന്ന ഒരു പെയിന്റിങ് തൊഴിലാളിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളിലൊരാളുടെ രേഖാചിത്രം തയാറാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകല്‍ രണ്ടിനാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബന്ദിയാക്കി ദേശീയപാതയോരത്തെ എരിയാലിലുള്ള ബാങ്കില്‍ നിന്ന് 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നത്.
Discussion about this post