ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തകര്‍ന്ന ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജാവ കടലില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
കൂടാതെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തു നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്ജെ 182 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാര്‍ അടക്കം 62 പേര് വിമാനത്തിലുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം കാണാതായത്. വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നു വിമാനം.
ടേക്ക് ഓഫ് ചെയ്ത് നാലു മിനിറ്റിനു ശേഷമാണ് വിമാനം അപ്രത്യക്ഷമായത്. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിംഗ് 737-500 കാണാതായതെന്നു ഫ്ലൈറ്റ്റഡാര് 24 ട്വിറ്ററില്‍ അറിയിച്ചു. 27 വര്‍ഷം പഴക്കമുള്ള വിമാനമാണിത്.
Discussion about this post