സ്വര്‍ണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങള്‍ രഹസ്യമാക്കി എന്‍ഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാന്‍ കോടതി അനുമതി നല്കി. ഉയര്‍ന്ന ബന്ധമുളള സമ്പന്നരായെ പ്രതികള്‍ സാക്ഷികളെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം സ്വര്ണക്കള്ളക്കടതില് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ പത്ത് സാക്ഷികളുടെ വിശദാംശങ്ങളാണ് രഹസ്യമാക്കി വയ്ക്കുക. ഇതിനായി എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി കോടതി അനുവദിച്ചു.
10 പേരെ സംരക്ഷിത സാക്ഷികളാക്കി കോടതി ഉത്തരവിറക്കി. ഈ സാക്ഷികളുടെ വിശദാംശങ്ങള്‍ കേസിന്റെ ഉത്തരവുകളിലും വിധിന്യായങ്ങളിലും രേഖകളിലും പ്രത്യക്ഷപ്പെടില്ല.
സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന് എന്‍ഐഎ കോടതി അറിയിച്ചിരുന്നു. കോടതിക്ക് മുന്നില്‍ സ്വതന്ത്രമായും വിശ്വസ്തതയോടെയും ഹാജരാകാന്‍ സാക്ഷികള്‍ക്ക് നിയമത്തിന്റെ പിന്തുണ ആവശ്യമാണന്നും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
ഉയര്‍ന്ന ബന്ധമുള്ള സമ്പന്നരാണ് പ്രതികള്‍ എന്നും, സാക്ഷികളെ ഉപദ്രവിക്കാനും കഴിവുള്ളവര്‍ ആണെന്നും എന്‍ഐഎ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷനെതിരെ പ്രതികൂല തെളിവുകള്‍ ലഭിക്കാന്‍ പ്രതികള്‍ സാക്ഷിമൊഴികളെ ഭീഷണിപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും എന്‍ഐഎ ഈ വാദം കോടതി അംഗീകരിച്ചു. 10 സാക്ഷികളുടെ മൊഴികളും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കഴിയുന്ന രേഖകളും പ്രതികള്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കില്ലെന്ന് കോടതി ഉത്തരവിട്ടു. വിചാരണ സമയത്ത് സംരക്ഷിത സാക്ഷികളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.
Discussion about this post