കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തില്‍ സി പി എമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ആത്മഹത്യയ്ക്ക് പിന്നില്‍ സി പി എം ആണെന്ന ഓമനക്കുട്ടന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് സുരേന്ദ്രന് പറഞ്ഞു.
ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങള്‍ക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കാന്‍ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാര്ട്ടിക്കാര് തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടന് പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടന് മുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post