കൊല്ലം: ചന്ദനത്തോപ്പില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. പൊലീസിനെ കണ്ട് ബൈക്ക് വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്ച് പൊലീസിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയില്‍ ചന്ദനത്തോപ്പിന് സമീപമായിരുന്നു അപകടം. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
സലീം സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് കുറച്ച് അടുത്തായി പൊലീസ് വാഹനം നിര്‍ത്തിയിട്ടിരുന്നു. വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇവിടെ പൊലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിനെ കണ്ട ബൈക്ക് യാത്രികന് തന്റെ വാഹനം വെട്ടി തിരിച്ചതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
നാട്ടുകാര്‍ സംഘടിച്ച് പോലീസ് വാഹനം തടഞ്ഞിട്ടു. തുടര്‍ന്ന് കുണ്ടറ സി.ഐ.ജയകൃഷ്ണന് പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അഡീഷണല്‍ എസ്.പി മധുസൂദനന് സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരിശോധിക്കാമെന്ന ഉറപ്പിന്മേല് നാട്ടുകാര്‍ പോലീസ് വാഹനം വിട്ട് നല്കി.
Discussion about this post