ഡല്‍ഹി: വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സര്‍വീസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്ളാഗ് ഓഫ് ചെയ്യും. ഏകതാ പ്രതിമയിലേക്ക് തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ് ട്രെയിന്‍ സര്‍വീസുകള്‍. രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി കെവാദിയയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയില്‍വേ സ്റ്റേഷനാണ് കെവാദിയയിലേത്. ഈ പദ്ധതികള്‍ തൊട്ടടുത്ത ഗോത്രവര്‍ഗ മേഖലയുടെ വികസനം വേഗത്തിലാക്കാനും നര്‍മദ നദീതീരത്തുള്ള പ്രധാന മതപരവും പുരാതനവുമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ തൊഴിലവസരങ്ങളും കച്ചവട സാധ്യതകളും സൃഷ്ടിക്കാനും പദ്ധതി സഹായിക്കും.
ചടങ്ങില്‍ ഗുജറാത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു പല പദ്ധതികള്‍ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും ചടങ്ങില്‍ സംബന്ധിക്കും.
ഗേജ് മാറ്റിയ ധാബോയ്-ചാന്തോദ് ബ്രോഡ്ഗേജ് റെയില്‍പ്പാത, ചാന്തോദ്-കെവാദിയ പുതിയ ബ്രോഡ്ഗേജ് റെയില്‍പ്പാത, പുതുതായി വൈദ്യുതീകരിച്ച പ്രതാപ്നഗര്‍-കെവാദിയ പാത, ധാബോയിലെയും ചന്തോദിലെയും കേവാദിയയിലെയും പുതിയ സ്റ്റേഷന് കെട്ടിടങ്ങള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Discussion about this post