ജാബുവ : മധ്യപ്രദേശിലെ ജാബുവയില്‍ ഒരു ഹോട്ടലില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 82 പേര് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 80 പേര്‍ക്ക് പരിക്കേറ്റു.
ഇന്നുരാവിലെ ഒമ്പത് മണിയ്ക്കാണ് സ്ഫോടനമുണ്ടായത്. സെതിയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലാണ് അപകടമുണ്ടായത്. ഇവിടെ അനധികൃതമായി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഫോടനത്തില്‍ ഭക്ഷണശാല പൂര്‍ണമായും തകര്‍ന്നു.
പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് പറ്റി.
സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അപകടം നടന്നതെന്നു സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് എ.ആര്. ഖാന് അറിയിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ മാറിയാണ് ജബുവ സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തരവകുപ്പു മന്ത്രി ബാബുലാല്‍ ഗൗര്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടേയും സഹായം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി.
Discussion about this post