കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് കല്പറ്റ സ്വദേശിയായ വിജിത് വിജയനെ (27)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്.
കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിതിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കല്പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. അറസ്റ്റിലായ വിജിത് കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന് സെന്റര്‍ നടത്തിവരികയാണ്.
Discussion about this post